flashnews
Wednesday, 31 December 2014
Thursday, 25 December 2014
ടീച്ചറ...ഒന്നു തൊട്ടോട്ടാ?
മൂന്നു വര്‍ഷത്തെ പഠനത്തിനു ശേഷം മുജീബ് വന്നു...ദേഷ്യവും ഭീതിയും വേദനാജനകമായ ഒരുപാട് ഓര്‍മ്മകളുമായി...ഒപ്പം രണ്ടുപേര്‍ തന്റെ ഉമ്മയും ഇത്താത്തയും.''ഇതെന്റെ മോന്‍.ഇവന്‍ പൊട്ടനാണ്.കഴിഞ്ഞ മൂന്നു വര്‍ഷമായി ഇംഗ്ളീഷ് മീഡിയത്തില്‍ ചേര്‍ത്തിട്ട്..ഒന്നും അറിയില്ല..സ്ക്കൂളില്‍ പോവൂല്ല.പോയാല്‍ തന്നെ എല്ലാവരെയും തല്ലും..അവിടുന്ന് ഇങ്ങോട്ട് പറഞ്ഞുവിട്ടു.ഇവിടെ ചേര്‍ത്താല്‍ പല ആനുകൂല്യങ്ങളും കിട്ടും എന്നാണവര്‍ പറയുന്നത്''.
ഞങ്ങള്‍ ചോദിച്ചു..''എന്തെ നിങ്ങള്‍ക്കും അവര്‍ക്കുമൊക്കെ ഇങ്ങനെ തോന്നാന്‍...?''
''ഇവന്റെ ഇത്താത്തയും ഇച്ചയുമൊക്കെ ഒക്കെ അങ്ങിനെയാണ്..പിന്നെ മൂന്നു കൊല്ലായില്ലെ..ഒരു പെന്‍സിലു പിടിക്കാന്‍ പോലും അറിയില്ല..ചേര്‍ത്താല്‍ തന്നെ ഇവിടെ ഇരിക്കില്ല..ഇവിടെ എല്ലാം ഫ്രീ ആണെന്നു കേട്ടിട്ടുണ്ട് അങ്ങിനെ വന്നതാണ്'' എന്നായിരുന്നു മറുപടി..
ഇത് ഞങ്ങളുടെ സ്ക്കൂളില്‍ വരുന്ന മിക്ക കുട്ടികളുടെയും അമ്മമാരുടെ മനസ്സിലിരുപ്പ്..നിഷ്ക്കളങ്കയായ ഒരമ്മ തുറന്നുപറഞ്ഞുപോയത്...
ഹായ്..മാവേലിയെ കാണാന്‍ എന്തുഭംഗി..... |
ഞങ്ങള്‍ക്ക് ഒരു നിധി കിട്ടിയപോലായിരുന്നു അവന്‍..ആദ്യദിവസം മടിച്ചു മടിച്ചു വന്നവന്‍ അടുത്ത ദിവസവും വന്നു.ഒപ്പം ഉമ്മയും..''ടീച്ചറെ ഇവനെ ഉച്ചക്കു വിടണം.ഇവന്‍ ഇരിക്കില്ലാ എന്നു വിചാരിച്ച് ഒരു സ്ഥലത്തു പോകാമെന്നു പറഞ്ഞുപോയി.നാളെ എന്തായ്ലും വിടാന്‍ പറ്റില്ല''.കുട്ടി പറഞ്ഞു.''ഞാന്‍ പോന്നില്ല ടീച്ചറേ..''
ഇവരെല്ലാം എന്റെ പ്രിയകൂട്ടുകാര്‍ |
അവന്റെ കണ്ണുകള്‍ നിറയെ കൗതുകമായിരുന്നു.ശോഷിച്ച ശരീരം.ചെമ്പന്‍ തലമുടി.ടീച്ചറുടെ ഓരോ ചലനങ്ങളും അവന് വിശ്വസിക്കാനാവാത്തതുപോലെ.ഒരുദിവസം മുജീബ് ചോദിച്ചു ''ഒന്നു തൊട്ടു നോക്കിക്കോട്ടാ..ടീച്ചറ...''അതുവരെ ടീച്ചര്‍ എന്നാല്‍ ഒരു പേടിപ്പെടുത്തുന്ന സാധനമായാണ് കുട്ടിക്ക് തോന്നിയതെന്ന് മനസ്സിലായി.ടീച്ചര്‍ അവന്റെ വലര്‍ച്ചയുടെ ഓരോ പടവുകളും ''എന്റെ കുട്ടികള്‍''എന്ന പുസ്തകത്തില്‍ കൃത്യമായി രേഖപ്പെടുത്തി.പരിഹാരങ്ങള്‍ സ്വയം കണ്ടെത്തി.
ടീച്ചരോടൊപ്പം കളിക്കാം |
അവന്‍ എല്ലാരോടുമൊപ്പം കൂട്ടുകൂടാന്‍ തുടങ്ങി.കളിക്കാന്‍ തുടങ്ങി.മറ്റുള്ളവരുടെ ബാഗില്‍ നിന്നും സാധനങ്ങള്‍ എടുത്തപ്പോള്‍ അവനെ ശാസിക്കാതെ പറഞ്ഞുമനസ്സിലാക്കി.അതിനുശേഷം ആ ശീലവും നിര്‍ത്തി.ഞങ്ങളൊന്നു പ്രോത്സാഹിപ്പിച്ചാല്‍ അവന്റെ കണ്ണുകള്‍ നിറയും..അംഗീകാരത്തിന്റെ തിളക്കം അവനില്‍ പല മാറ്റങ്ങളും ഉണ്ടാക്കി.
എത്രയെത്രപൂക്കള്‍ |
ബാക്കിയായപ്രശ്നങ്ങള്‍ വീട്ടുകാര്‍ സൃഷ്ടിക്കുന്നവയായിരുന്നു.കുട്ടി എഴുതാന്‍ തുടങ്ങിയപ്പോള്‍ ഗൃഹപാഠം കൊടുക്കാന്‍ പറ്റാതായി.എന്തു കൊടുത്താലും അത് ഉമ്മ എഴുതും. നോക്കുന്നതുവരെ അവര്‍ ക്ളാസിനൊരു കോണില്‍ ഒളിച്ചിര്ക്കും.നോക്കിയില്ലെങ്കില്‍ പൊട്ടിത്തെറിക്കും.അവരുടെ പഠനതാത്പര്യം എനിക്കു oമനസ്സിലായി.അങ്ങിനെ അവര്‍ക്കെഴുതാനായി ആ പുസ്തകം മാറ്റിവച്ചു..കുട്ടിയുടെ പുസ്തകം ക്ളാസില്‍ സൂക്ഷിച്ചു..തന്റെ വളരുന്ന അക്ഷരപുസ്തകത്തില്ലും ബോര്‍ഡിലും ഭിത്തിയിലും അവന്‍ വരച്ചിട്ടു..
എനിക്കും വാക്കുകള്‍ ഉണ്ടാക്കാനറിയാം |
പല അക്ഷരങ്ങളും ക്ളാസിന്റെ ചുമരുകളില്‍ നിന്ന് അവന്‍ വായിക്കുന്നു.15അക്ഷരങ്ങളോളം എഴുതിയും കാണിക്കുന്നു.സ്ക്കൂളിലെ എല്ലാ പരിപാടികളിലും അവന്റെ സാന്നിദ്ധ്യം ഉണ്ടായി.കുട്ടിയോടൊപ്പം വരുന്ന 2പേരും പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നു..ഈ അന്തരീക്ഷത്തില്‍ നിന്നും അവനെ രക്ഷിക്കാന്‍ കുറച്ചു ബുദ്ധിമുട്ടു തന്നെ..
ഞാന്‍ അടുത്ത കൊല്ലം ഒരു ചാച്ചാജിയൊ നെഹ്റുജിയൊ ഒക്കെ ആവും |
ആടുകളെ അവിടെ നില്ക്കൂ .....ഒരുമിച്ചു പോകാം |
നന്നായി കാരംസ് കളിക്കാന്‍ അവനറിയാം..പരീക്ഷക്ക് വന്ന ഒരു ചോദ്യത്തിന്റെ ഉത്തരം ഉള്ള ഒരു വായനാസാമഗ്രി ആരും കാണാതെടുത്ത് തന്റെ കസേരക്കുപിറകില്‍ ഒളിച്ചുവച്ചെഴുതുന്നതു കണ്ടപ്പോള്‍ ചിരി വന്നുപോയി.
പരീക്ഷയൊക്കെ ഈ..സി |
ഇവനെ ഏതു വിഭാഗത്തില്‍ പെടുത്താം..ഇവന്‍ ഇത്രയും വര്‍ഷം എങ്ങിനെ ജിവിച്ചു...ഇവന്റെ സ്വാതന്ത്ര്യം എങ്ങിനെ കുഴിച്ചുമൂടപ്പെട്ടു..ആരാണിതിനുത്തരവാദികള്‍...ഇവനൊരു സാധാരണ കുട്ടി..കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ ഇവനെ ആരും കണ്ടില്ല...ഇങ്ങനെ എത്രയെത്രകുട്ടികള്‍ ഉണ്ടാവും നമുക്കു ചുറ്റും
Friday, 19 December 2014
എം.മുകുന്ദനില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി
കണ്ണൂര്‍ പാലയാട്ഡയറ്റ് അധ്യാപകര്‍ക്കായി നടത്തിയ രചനാമത്സരത്തില്‍ ഈ വിദ്യാലയത്തിലെ അനുപമടീച്ചര്‍ക്കു സമ്മാനം ലഭിച്ചിരിക്കുന്നു.എം മുകുന്ദന്റെ പ്രവാസനോവലുകളായ ഡല്‍ഹി,ഡല്‍ഹിഗാഥകള്‍,പ്രവാസം എന്നിവയായിരുന്നു ആസ്വാദനം നടത്താന്‍ നല്കപ്പെട്ടത്.ഇതില്‍'ഇല്ലായ്മകളിലെ രാഷ്ട്രീയം'എന്ന പേരില്‍ ഡല്‍ഹിഗാഥകള്‍ എന്ന നോവലിന്റെ ആസ്വാദനമാണ് ടീച്ചര്‍ തയ്യാറാക്കിയത്.18/12/2014 നു പാലയാട് ഡയറ്റില്‍ വച്ചു നടന്ന സെമിനാര്‍,സംവാദം എന്നിവയില്‍ പങ്കെടുത്ത ശേഷം നോവലിസ്റ്റ് എം മുകുന്ദന്റെ കയ്യില്‍ നിന്നാണ് സമ്മാനം ഏറ്റുവാങ്ങിയത്.14ഓളം അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ നല്കപ്പെട്ടു.ചടങ്ങില്‍ ഡയറ്റ് പ്രിന്‍സിപ്പാല്‍ശ്രീ.സി.എം.ബാലകൃഷ്ണന്‍ മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ഡയറ്റ് സീനീയര്‍ ലക്ച്ചറര്‍ പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.ഇ.പി.രാജഗോപാലന്‍മാസ്റ്റര്‍ വിഷയമവതരിപ്പിച്ചുസംസാരിച്ചു.കളനാട് ഓള്‍ഡ് സ്ക്കൂളിലെ ബ്ളോഗറാണ് അനുപമടീച്ചര്‍.
സാന്താക്ളോസും കുട്ടികളും പിന്നെ ഒരവധിക്കാലവും
രണ്ടാം ടേം പരീക്ഷ ഇന്നവസാനിക്കുമ്പോള്‍ ക്രിസ്മസ് ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ പൊടിപൊടിക്കുകയാണ്..ഞങ്ങളുടെ ചെറിയ കൂട്ടായ്മയില്‍ രണ്ടു അപ്പൂപ്പന്മാര്‍ ഒരുങ്ങിക്കഴിഞ്ഞു..ഒന്നാം ക്ളാസിലെ മുഹമ്മദ്സുഹൈലും രണ്ടാം ക്ളാസിലെ അബ്ദുള്‍ ലത്തീഫും.നാലാംക്ളാസിലെ ഇത്താത്തമാരായ ആയിഷ,സുനൈന,വഹീദ,മാളവിക എന്നിവര്‍ ഉണ്ണിപിറന്നു ബത് ലഹെമില്‍...വന്ദനമരുളാന്‍ വന്നിടുവിന്‍...എന്ന കരോള്‍ ഗാനം പാടി..സലീമും അര്‍ജ്ജുനും നിഹാലും പ്ളെയ്റ്റുകള്‍ മുട്ടി താളം പിടിച്ചു..സാന്താക്ളോസപ്പൂപ്പനെ തൊടാന്‍ ആദ്യമൊന്നുഭയന്നെങ്കിലും പിന്നെ എല്ലാവരും അവരോടൊപ്പം ചുവടുവച്ചു..
ഞങ്ങളുടെ ഇന്നത്തെ അതിഥി മായടീച്ചരും രണ്ടാം കാളാസിലെ ഹരിയും ചേര്‍ന്നു കേക്ക് മുറിച്ചു
.പി.ടി.എ.പ്രതിനിധികളും പങ്കെടുത്തു.ഹെഡ്മിസ്ട്രസ്സ് രാധ്മണിടീച്ചര്‍ എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു.അവധിക്കാലത്ത് പഠിക്കാനും കളിക്കാനും ഒരുപോലെ സമയം കണ്ടത്തണമെന്ന് കുട്ടികളെ ഉത്ബോധിപ്പിച്ചു.സ്ക്കൂള്‍ തുറന്നു വരുന്ന ദിവസം ഒരു വായനാമത്സരവും ലേഖനമത്സരവും ഉണ്ടായിരിക്കുന്നതാണെന്ന് കുട്ടികളെ അറിയിച്ചു.
ഉച്ചക്കുശേഷം കലാപരിപാടികളായിരുന്നു..പാട്ടും ഡാന്‍സും ഒക്കെയായി കുട്ടികള്‍ ആഘോഷപരിപാടികള്‍ പൊടിപൊടിച്ചു..പരീക്ഷനല്കിയ പിരിമുറുക്കങ്ങള്‍ക്ക് വിട പറഞ്ഞുകൊണ്ട് എല്ലാവരും കുറച്ചവധിദിവസങ്ങളിലേക്ക്...
ചന്ദനയുടെ സുഹൃത്താവാന്‍ മായടീച്ചറെത്തി...
ചന്ദനക്കേറെയിഷ്ടം ആരോടെന്നു ചോദിച്ചാല്‍ പപ്പനോടെന്ന് ഒറ്റവാക്കില്‍ പറയും.അതായത് തന്റെ അച്ഛന്‍..പിന്നെ ഇഷ്ടം കളര്‍പെന്‍സില്‍ നല്കുന്ന ആളോടാണ്..ഇന്നുമെത്തി കളര്‍പെന്‍സിലുകളുമായൊരാള്‍..മായടീച്ചര്‍.ബി.ആര്‍.സി യിലെ ഐ.ഇ.ഡി.സി.ചാര്‍ജ്ജുള്ള പുതിയ ടീച്ചര്‍..അവരോടൊപ്പം അവരുടെ സുഹൃത്തായി ടീച്ചറും...പാട്ടും കഥകളും ചിത്രങ്ങളുമായി ഏറെനേരം....
Friday, 12 December 2014
ഞങ്ങള്‍ സാക്ഷരരായേ........
സാക്ഷരംപരിപാടി ഗംഭീരമായിനടന്നുകഴിഞ്ഞു..ഇനി പ്രഖ്യാപനമാണ്.ഡിസംബര്‍12നു ഉച്ചക്കുശേഷം ഞങ്ങള്‍ വീണ്ടും ഒത്തുകൂടി.പി.ടി.എ.വൈസ് പ്രസിഡണ്ട് ശ്രീമതി നസീറാ സൈനുദ്ദീന്‍ എല്ലാവരും സാക്ഷരരായി പ്രഖ്യാപിച്ചു.കുട്ടികള്‍ ഏറ്റുചൊല്ലി.ഞങ്ങള്‍ സാക്ഷരരായേ.....
സര്‍ഗ്ഗാത്മക ക്യാമ്പിലുണ്ടായ പതിപ്പ് അക്ഷരപ്പൂക്കളം പ്രകാശനം ചെയ്യലായിരുന്നു അടുത്ത പരിപാടി.മദര്‍ പി.ടി.എ.പ്രസിഡണ്ട്ശ്രീമതി.ജമീലാ.സിദ്ദിഖ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് ആയിഷയുടെ കവിത 'പൂമ്പാറ്റ 'വായിച്ചു.സുനിതടീച്ചര്‍ ചടങ്ങിനു നന്ദി പറഞ്ഞു.തുടര്‍ന്ന് കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ഞങ്ങള്‍ സാക്ഷരം ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നില്ല.ഇത് ഞങ്ങള്‍ വളരെയേറെ ഇഷ്ടപ്പെട്ടിരിക്കുന്നു..ഇംഗ്ളീഷിലും ഇതുപോലൊരെണ്ണം ഉണ്ടാവണം അല്ലെന്കില്‍ ഉണ്ടാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം..ഇതിന്റെ പിന്നിലെ കൂട്ടായ്മ ഏന്തായാലും അഭിനന്ദനമര്‍ഹിക്കുന്നു.
Tuesday, 2 December 2014
അക്ഷരപ്പൂക്കള്‍ വിരിയിച്ചുകൊണ്ട്....
സാക്ഷരം ഉണര്‍ത്തു ക്യാമ്പ് 2014
സാക്ഷരം പരിപാടി 50 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു.
.ആയിഷക്കും ഷാഫിക്കും ഇനി സന്തോഷത്തിന്റെ നാളുകള്‍..മറ്റുള്ളവരോടൊപ്പവുംമറ്റുള്ളവരെക്കാളും എഴുതാനും വായിക്കാനും സാധിക്കുന്നതിന്റെ സംതൃപ്തിയും അഭിമാനവും അവരുടെ നോക്കിലും വാക്കിലും നടപ്പിലും കാണാം..ഇന്നവര്‍ സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞിരിക്കുന്നു.അംഗീകാരത്തിന്റെ ആനന്ദം അനുഭവിക്കുന്നു..2 കുട്ടികളെ മാത്രം വച്ച് ഉണര്‍ത്ത് ക്യാമ്പ് എങ്ങിനെ സംഘടിപ്പിക്കും എന്ന് ചര്‍ച്ച ചെയ്തപ്പോഴാണ് എല്ലാവരെയും വച്ച് സംഘടിപ്പിച്ചാലോ എന്ന് ചിന്തിച്ചത്...അങ്ങിനെ ഞങ്ങളും ക്യാമ്പ് സംഘടിപ്പിച്ചു..
ഉദ്ഘാടനം
2014 നവംബര്‍28,29 ദിവസങ്ങളിലായിരുന്നു ഞങ്ങള്‍ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചത്.ഹെഡ്മിസ്ട്രസ് രാധാമണിടീച്ചരുടെ അധ്യക്ഷതയില്‍പി.ടി.എ.പ്രസിഡണ്ട് മുഹമ്മദ്ഷാഫിസുല്‍ത്താന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.തുടര്‍ന്ന് നടന്ന ക്ളാസില്‍ കുട്ടികള്‍ വളരെ ക്രിയാത്മകവും സര്‍ഗാത്മകവുമായി പങ്കെടുത്തു
ക്യാമ്പ് അവലോകനം
ആദ്യസെഷനില്‍ വായ്ത്താരികള്‍ക്ക് ഈണം നല്കലായിരുന്നു.കുട്ടികളെ നാലു ഗ്രൂപ്പുകളാക്കി തിരിച്ചു.ഓരോ ഗ്രൂപ്പിലും നാലു ക്ളാസിലെയും കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തി.ഒന്നാം ഗ്രൂപ്പ് നിഹാലും രണ്ടാം ഗ്രൂപ്പ് മാളവികയും മൂന്നാം ഗ്രൂപ്പ് ആയിഷയും നാലാം ഗ്രൂപ്പ് ബുഷറയും നയിക്കാനുള്ള തീരുമാനം ഗ്രൂപ്പ് അംഗങ്ങള്‍ തന്നെ എടുത്തത് ഒന്നോ രണ്ടോ മത്സരങ്ങള്‍ക്കുശേഷം ആയിരുന്നു.ക്യാമ്പ് ഹാളിന്റെ വിവിധ ഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച വായാത്താരികള്‍ക്ക് അവര്‍ തന്നെ വിവിധ ഈണങ്ങള്‍ നല്കി.രണ്ടാം ഗ്രൂപ്പിന്റെ പ്രകടനം മികച്ചനിലവാരം പുലര്‍ത്തിയതായ് മറ്റു ഗ്രൂപ്പുകാര്‍ ഒരേസ്വരത്തില്‍ വിലയിരുത്തി.അതിനുശേഷം നാവുവഴങ്ങല്‍ പ്രവര്‍ത്തനം..കുട്ടികളില്‍ നിന്നും കുറെ ഉദാഹരണങ്ങള്‍ വന്നു.തുടര്‍ന്ന്ടീച്ചറുംകുട്ടികളും കഥ അവതരിപ്പിച്ചു.കഥാസ്ട്രിപ്പുകള്‍ നല്കി കഥ പൂര്‍ത്തീകരിക്കലായിതുന്നു അടുത്ത ജോലി .ഇതില്‍ ആദ്യം പൂര്‍ത്തീകരിച്ചത് ബുഷറയുടെ ഗ്രൂപ്പായിരുന്നു.ചാര്‍ട്ടുപേപ്പറിലൊട്ടിച്ച് കഥകള്‍ പ്രദര്‍ശിപ്പിച്ചു..തുടര്‍ന്ന് കടങ്കഥകളുടെ ലോകത്തിലേക്ക്..കടങ്കഥാപയറ്റ് കുറെ നേരം നീണ്ടുന്നു..അതിനിടയില്‍ അപ്രതീക്ഷിതമായി കിട്ടിയ ഐസ്ക്രീം കുട്ടികളെ സന്തോഷഭരിതരാക്കി.. അങ്ങിനെ ഐസ്ക്രീമിനെ ക്കുറിച്ച് കടങ്കഥയെഴുതാന്‍ അവര്‍ തീരുമാനിച്ചു
1...തൊട്ടാല്‍ തണുക്കും..വച്ചാല്‍ അലിയും..രുചിച്ചാല്‍ മധുരിക്കും-ഷാഫി
2...കാണാന്‍ വെളുത്തിട്ട്...തൊട്ടാല്‍ തണുത്തിട്ട്-ആയിഷ
3..ഹായ്..ഹായ്..നല്ല രുചി...എന്തൊരു തണുപ്പ് എന്താണ്..
എന്നു തുടങ്ങി..ഞാനിപ്പം തിന്ന സാധനത്താന്റെ പേരെന്ത്...എന്നുവരെ കുട്ടികള്‍ കടങ്കഥ ഉണ്ടാക്കി.തുടര്‍ന്ന് ഒത്തുപാടാനായി..വിവിധ കവിതകള്‍ക്ക് അവര്‍ ഈണം നല്കി.കവിതകള്‍,ചിത്രങ്ങള്‍,പാട്ടുകള്‍ എന്നിവ ഉണ്ടാക്കാനായി വിവിധ വിഷയങ്ങള്‍ ഗൃഹപാഠമായി നല്കിക്കൊണ്ട് ഒന്നാം ദിവസത്തെ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു..
രണ്ടാമത്തെ ദിവസം കൊണ്ടുവന്ന സൃഷ്ടികള്‍ പരസ്പരം വിലയിരുത്തി.അതുപോലുള്ള വേറെ വിഷയങ്ങള്‍തെരെഞ്ഞെടുത്ത് രചനകള്‍ നടത്തുവായി 10മിനുട്ട് സമയം നല്കി..
അവ സമാഹരിച്ച് ഒരു പതിപ്പ് നിര്‍മ്മാണം നടത്തി. അടുത്ത സെഷനില്‍ സര്‍ഗ്ഗാത്മക നാടകകേളികള്‍ ആയിരുന്നു.പരസ്പരം പരിചയപ്പെടല്‍,നടക്കാം നടക്കാം,ഗ്രൂപ്പാക്കാം,നിഴല്‍ നടത്തം,സിപ്പ് സാപ്പ്,വാര്‍ത്താതടസ്സം സെവന്‍ ഒബ്ജക്റ്റ്,കൂട്ടപ്പാട്ട്തുടങ്ങി ആസൂത്രണം ചെയ്തവ കൂടാതെ കഥ പറഞ്ഞത് അഭിനയിച്ച് കാണിക്കുക..മൂകാഭിനയം തുടങ്ങി ഒട്ടേറേ രസകരമായ അനുഭവങ്ങള്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് പകര്‍ന്നുനല്കാന്‍ സാധിച്ചു.
തുടര്‍ന്ന് നാടന്‍കളികള്‍ക്ക് അവസരമൊരുക്കി.അക്ഷരങ്ങള്‍ കൊണ്ട് പല പ്രവര്‍ത്തനങ്ങളും നടത്തി.ഓരോ അക്ഷരവും വരുന്ന വാക്കുകള്‍.പദങ്ങള്‍,വാചകങ്ങള്‍,കഥകള്‍ എന്നിവ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കണ്ടെത്തി....ഇങ്ങനെ തുടങ്ങി ഒരു കഥ...
"ഒരിടത്ത് ഒരാളും ഒരു ഒട്ടകവും ഉണ്ടായിരുന്നുഒരു ദിവസം ഒട്ടകത്തെ കാണാതായി.ഒരിടത്തും കാണുന്നില്ല.ഒട്ടകത്തെ ഒരിടത്തും കാണാഞ്ഞ് ഒരാള്‍ വിഷമിച്ചിരിക്കുന്നത്.ഒരു കാക്ക കണ്ടു."
നിര്‍മ്മാണം കുട്ടികള്‍ക്ക് എന്നും ഏറ്റവും ഇഷ്ടപ്പെട്ട മേഖലയാണല്ലൊ.വരയ്ക്കാം നിര്‍മ്മിക്കാം എന്നതായിരുന്നു അടുത്ത സെഷന്‍നല്ല പൂന്തോട്ടത്തിന്റെ ചിത്രം വരച്ചവര്‍ പിന്നീട് പൂക്കള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.നിര്‍മ്മിച്ച പൂക്കള്‍ വച്ച് ഒരു തോട്ടം അവര്‍ ഉണ്ടാക്കി.ഡിസ് പ്ളേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു.
ക്യാമ്പ് വിലയിരുത്തല്‍
രണ്ടുദിവസത്തെ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ഒരുണര്‍വ് തന്നെ ഉണ്ടാക്കിയെന്നു പറയാം..പരീക്ഷയുടെയും പഠനപ്രവര്‍ത്തനങ്ങളുടെയും ഇടയില്‍ ഇത്തരം ഒരു ക്യാമ്പ് സംഘടിപ്പിക്കാന്‍ തുനിയുമ്പോള്‍ ഞങ്ങള്‍ ആശങ്കാകുലരായിരുന്നു.എന്നാല്‍ ക്യാമ്പ് എല്ലാ മേഖലകളിലും പുത്തനറിവും ഉത്സാഹവും പകര്‍ന്നു നല്കിയതോടൊപ്പം തുടര്‍പ്രവര്‍ത്തനങ്ങള്‍,ഗൃഹപാഠം,വായന,നിര്‍മ്മാണം,അഭിനയം,കളികള്‍ എന്നിവ കുറച്ചുകൂടി താത്പര്യം ജനിപ്പിക്കുന്ന വിധത്തില്‍ ആക്കിയിരിക്കുന്നു.ഉണര്‍ത്ത് ക്യാമ്പ് ഞങ്ങളെ ഉണര്‍ത്തിയിരിക്കുന്നു...
Subscribe to:
Posts (Atom)